അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരണപ്പെട്ടത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി വി മുരളീധരനാണ് രാജ്യസഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2018 മുതല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്നാണെന്ന് ഇതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. വ്യക്തിഗത കേസുകള്‍ കൈകാര്യം ചെയ്യുമെന്നും, ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി, മിഷന്‍ മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പതിവായി കോളജുകളും സര്‍വകലാശാലകളും സന്ദര്‍ശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

34 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാനഡയില്‍. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 മുതല്‍ കാനഡയില്‍ 91 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (36), ഓസ്‌ട്രേലിയ (35), യുക്രൈന്‍ (21), ജര്‍മ്മനി (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീന്‍സ് (10 വീതം) എന്നിവയാണ് തൊട്ടുപിന്നില്‍.

Top