സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു, പക്ഷെ ഞങ്ങളെ ചതിച്ചു; 400 സേന പ്രവര്‍ത്തകര്‍ ബിജെപിയില്‍

മുംബൈ: ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ശിവസേനയുടെ 400 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ധാരാവിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ശിവസേനയെ ഞെട്ടിച്ച് പ്രവര്‍ത്തകര്‍ കാലുമാറിയത്.

കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനോടൊപ്പം ശിവസേന സര്‍ക്കാരുണ്ടാക്കിയതില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു.

അതേസമയം ബിജെപിയിലേക്ക് ചേക്കേറിയ ശിവസേന പ്രവര്‍ത്തകരുടെ പ്രതിനിധിയായ രമേശ് നാദറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ 10 വര്‍ഷമായി ശിവസേനയോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. ഞങ്ങള്‍ സേനയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരായിരുന്നു. ജനങ്ങളെ സേവിക്കാന്‍ എനിക്ക് ഒരു ഓഫീസ് വരെ ലഭിച്ചിരുന്നു. പക്ഷേ എന്‍സിപിയുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന തീരുമാനിച്ചത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്’.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് പോരാടി ഭൂരിപക്ഷം നേടിയിരുന്നു. രണ്ടര വര്‍ഷമായി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേന ബിജെപിക്ക് സമ്മര്‍ദ്ധം ചെലുത്തിയിരുന്നെങ്കിലും ബിജെപി അതിന് സമ്മതം മൂളിയിരുന്നില്ല. പിന്നീട് ശിവസേന, എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തി ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. താക്കറെ കുടുംബത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉദ്ധവ്.

Top