സംസ്ഥാനത്ത് 40 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കായിക വകുപ്പ്

kaloor-stadium

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 40 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കായികവകുപ്പ്. ആധുനിക സൗകര്യങ്ങളോട് കൂടി ഗ്യാലറിയും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി നിലവിലുള്ള സ്റ്റേഡിയങ്ങളെ നവീകരിക്കാനും പദ്ധതിയുണ്ട്. 40 എന്നത് നവീകരിക്കുന്ന സ്റ്റേഡിയങ്ങള്‍ ഉള്‍പ്പടെയുള്ള കണക്കാണ്. മൈതാനങ്ങളിലെ പ്രതലം നവീകരിക്കുന്നതിനു പകരമായി മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മിക്കാനാണ് കായിക വകുപ്പിന്റെ നീക്കം.

സിന്തറ്റിക്ക് ട്രാക്ക്, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, നീന്തല്‍ക്കുളം, ഹോസ്റ്റല്‍, ഡ്രസ്സിംഗ് റൂം, ജിം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാവും സ്റ്റേഡിയങ്ങളില്‍ ഒരുക്കുക. കണക്കില്‍ ഉള്ള നാല്‍പ്പത് മൈതാനങ്ങളില്‍ നാലെണ്ണത്തിന്റെ നിര്‍മ്മാണം ഇതോടെ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളത്ത് പനമ്പിള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, പാലാ മുനിസിപ്പല്‍ സ്റ്റേഡിയം, തലശേരി മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്.

24 സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 30 സ്റ്റേഡിയങ്ങള്‍ കിഫ്ബിയാവും നിര്‍മ്മിക്കുക. ഇതില്‍ ആകെ 19 എണ്ണം ഇലവന്‍സ് മൈതാനങ്ങളും ബാക്കി സെവന്‍സ് മത്സരങ്ങള്‍ക്കനുകൂലമായ മൈതാനങ്ങളുമാവും. ഇലവന്‍സ് സ്റ്റേഡിയങ്ങള്‍ക്ക് ഗ്യാലറി ഉണ്ടാവും. ഗ്യാലറിയുടെ ഭാഗമായ കടമുറികള്‍ വാടകയ്ക്ക് നല്‍കി ലഭിക്കുന്ന പണം സ്റ്റേഡിയത്തിന്റെ പരിപാലന ചെലവുകള്‍ക്ക് ഉപയോഗിക്കാമെന്നാണ് തീരുമാനം.

Top