40 ശതമാനം കയറ്റുമതി തീരുവ; നാസിക്കില്‍ സവാളയുടെ മൊത്ത വ്യാപാരം നിര്‍ത്തി വ്യാപാരികള്‍

മുംബൈ : നാസിക്കില്‍ സവാളയുടെ മൊത്ത വ്യാപാരം വ്യാപാരികള്‍ നിര്‍ത്തിവെച്ചു. നാസിക്കിലേത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമാണ്. സമരം നീണ്ടാല്‍ രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തല്‍. സവാള കയറ്റുമതിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി. രാജ്യത്തെ 90 ശതമാനം ഉള്ളിയും ഉത്പാദിപ്പിക്കുന്ന നാസിക്കില്‍ ഉള്ളി വ്യാപാരം പൂര്‍ണമായി നിര്‍ത്തിവെക്കുമ്പോള്‍ വലിയ വിലക്കയറ്റ ഭീഷണിയാണ് കാത്തിരിക്കുന്നത്.

മുംബൈയില്‍ ഒരു കിലോ ഉള്ളിയ്ക്ക് ചെറുകിട വിപണയില്‍ 40 രൂപ വരെയാണ് വില. സെപ്തംബറില്‍ വില ഇനിയും കൂടുമെന്നാണ് കണക്ക് കൂട്ടല്‍. തക്കാളിയുടെ അനുഭവം മുന്നില്‍ കണ്ടാണ് വിലക്കയറ്റം പിടിച്ച് നിര്‍ത്താനെന്ന ന്യായത്തില്‍ കേന്ദ്രം ഡിസംബര്‍ 31 വരെ 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്.

എന്നാല്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അല്‍പം നേട്ടം കിട്ടുന്ന സമയത്ത് കേന്ദ്രം കാണിക്കുന്നത് അനീതിയെന്നാണ് വ്യാപാരികളുടെ വാദം. തക്കാളിക്ക് വിലകൂടിയപ്പോള്‍ നാഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തിയത് പോലെയോ കേന്ദ്രത്തിന്റെ കൈവശമുള്ള ബഫര്‍ സ്റ്റോക്ക് വിപണിയില്‍ ഇറക്കിയോ ഇടപെടല്‍ നടത്താമായിരുന്നു എന്നും വ്യാപാരികള്‍ പറയുന്നു.

Top