ദരിയഗഞ്ച് സംഘര്‍ഷം തടവിലാക്കപ്പെട്ടവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുമതി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ദരിയഗഞ്ചില്‍ പൊലീസ് കസ്റ്റഡിയിലുള്ളവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുമതി. കസ്റ്റഡിയിലായ പ്രായപൂര്‍ത്തിയാകാത്ത നാലുപേരുള്‍പ്പടെ നാല്‍പതു പേര്‍ക്കാണ് അഭിഭാഷകരെ കാണാന്‍ അനുമതി ലഭിച്ചത്.സെന്‍ട്രല്‍ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അരുള്‍ വര്‍മയാണ് തടവിലാക്കിയവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുമതി നല്‍കണമെന്ന് നിര്‍ദേശിച്ചത്. കുട്ടികളുള്‍പ്പടെ പരിക്കേറ്റ നിരവധി സമരക്കാര്‍ ചികിത്സ ലഭിക്കാതെ ജയിലിനുള്ളിലുള്ളതായി മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ദരിയഗഞ്ച് പോലീസ് സ്റ്റേഷനിലെത്തിച്ച സമരക്കാരെ മൂന്നുമണിക്കൂറോളം ആരെയും കാണാന്‍ പോലീസ് അനുവദിച്ചില്ല. പരിക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയ ഡോക്ടര്‍മാരെയും സ്റ്റേഷനില്‍പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തടവിലാക്കിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുമുന്നില്‍ ജനം തടിച്ചുകൂടിയതോടെ പോലീസ് അഭിഭാഷകരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും തടവിലാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അഭിഭാഷകര്‍ക്ക് കൈമാറുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെയാണ് സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സുഭാഷ് മാര്‍ഗിലെ ഡിസിപി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ കാര്‍ സമരക്കാര്‍ അഗ്‌നിക്കിരയാക്കിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി.ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നാല്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന റിപ്പോര്‍ട്ട് പോലീസ് തള്ളി. സമരക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി മാത്രമാണ്പ്രയോഗിച്ചതെന്നാണ് പോലീസ് ഭാഷ്യം.

 

 

 

Top