റെയില്‍വേ അപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍, ട്രാക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

RAILWAY

ന്യൂഡല്‍ഹി: 2017 സെപ്തംബര്‍ മുതല്‍ ആഗസ്റ്റ് 2018 വരെയുള്ള റെയില്‍വേ അപകടങ്ങളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍. 75 അപകടങ്ങളിലായി 40 മരണങ്ങളാണ് ഒരു വര്‍ഷ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഇത് വലിയ മാറ്റമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

2016-17 കാലഘട്ടത്തില്‍ 80 ട്രെയിന്‍ അപകടങ്ങളില്‍ 249 പേരാണ് കൊല്ലപ്പെട്ടത്. 2016ലെ ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ് അപകടത്തില്‍ 150 പേരാണ് മരിച്ചത്. 2017-18ല്‍ ഇതേ കാലയളവില്‍ ആകെയുണ്ടായത് 40 മരണങ്ങള്‍ മാത്രമാണ്.

എന്നാല്‍ വലിയ രണ്ട് അപകടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായി. 2017 ആഗസ്റ്റില്‍ ഉത്ക്കല്‍ എക്‌സ്പ്രസ്സ് അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 26 ന് നടന്ന സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി ഉണ്ടായ അപകടമാണ് മറ്റൊന്ന്. 13 കുട്ടികളാണ് ഈ അപകടത്തില്‍ മരിച്ചത്.

2013-14 വര്‍ഷത്തില്‍ 139 അപകടങ്ങളിലായി 275 പേരാണ് മരിച്ചത്. 2014-15 കാലഘട്ടത്തില്‍ 108 റെയില്‍വേ അപകടങ്ങളില്‍ 196 പേര്‍ കൊല്ലപ്പെട്ടു.

2013 മുതല്‍ 2018 വരെയുള്ള അപകടങ്ങള്‍ പരിശോധിച്ചാല്‍ മരണ നിരക്ക് വളരെ കുറഞ്ഞു വരുന്നതായി കാണാം. അതുപോലെ, അപകട നിരക്കും കുറയുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണത്തിലും 95 ശതമാനത്തോളം കുറവുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കൂട്ടിയിടികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ 69ല്‍ നിന്നും 56 ശതമാനമായി കുറഞ്ഞു.

ട്രാക്കുകള്‍ സമയത്തിന് മാറ്റിയതും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയതും വലിയ അപകടങ്ങള്‍ ഒഴിവാക്കി. ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ചില അപകടങ്ങള്‍ ഉണ്ടായതെന്നും ഇതും പരിഹരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അറ്റകുറ്റപ്പണികള്‍ക്ക് പുറമെ കൃത്യമായ മേല്‍നോട്ടവും നിരന്തര പരിശോധനകളും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനവും നടത്തും. 2020ഓടെ എല്ലാ അനാവശ്യ റെയില്‍വേ ലെവല്‍ക്രോസുകളും ഇല്ലാതാക്കും. 2018-19ല്‍ 1,600 എണ്ണം മാറ്റാനാണ് നിലവിലെ തീരുമാനം.

Top