രാജ്യത്തെ 40 കോടി പേര്‍ കോവിഡ് ഭീഷണിയില്‍; 67 ശതമാനം പേരില്‍ ആന്റിബോഡി

ന്യൂഡല്‍ഹി: രാജ്യത്തെ നാല്‍പത് കോടി ജനങ്ങള്‍ ഇപ്പോഴും കൊവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരെന്ന് ഐ സി എം ആര്‍ സിറോ സര്‍വെ പഠന ഫലം. ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും കോവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. കുട്ടികളുള്‍പ്പടെ 67.6 ശതമാനം പേരിലാണ് കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്.

വാക്‌സിന്‍ എടുക്കാത്തവരില്‍ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനം ആണ്. ഇവരില്‍ കൊവിഡ് വന്നു പോയതാകാമെന്നാണ് നിഗമനം. ഒരു ഡോസ് സ്വീകരിച്ചവരില്‍ എട്ട് ശതമാനം ആന്റിബോഡി സാന്നിധ്യവും രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവരില്‍ 89.8 ശതമാനവും ആണ് ആന്റിബോഡി സാന്നിധ്യം.

ആറ് വയസ് മുതല്‍ 17വയസ് വരെ കുട്ടികളില്‍ പകുതിയധികം പേരിലും കൊവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി. അതായത് കുട്ടികളില്‍ പകുതിയിലധികം പേര്‍ക്കും രോഗം വന്ന് പോയിട്ടുണ്ടാകാമെന്നതാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ വ്യത്യാസമില്ലാതെ രോഗ ബാധ ഉണ്ടായിട്ടുണ്ടാകാമെന്നും പഠനം പറയുന്നു.

60 വയസിന് മുകളിലുള്ള 76.7 ശതമാനം ആളുകളിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 18 മുതല്‍ 44 വയസ് പ്രായമുളളവരില്‍ 66.7 ശതമാനം പേരിലാണ് ആന്റിബോഡിയുള്ളത്. രാജ്യത്തെ എഴുപത് ജില്ലകളിലായി ജൂണ്‍ ജൂലൈ മാസത്തിലാണ് സിറോ സര്‍വെ പഠനം നടത്തിയത്. 28975പേരാണ് സര്‍വേയുടെ ഭാഗമായത്.

Top