ഫീസടക്കാത്തതിനാല്‍ നാല് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം

ഹൈദരാബാദ്: ഫീസടച്ചില്ലെന്ന കാരണം പറഞ്ഞ് നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥി പ്രതിനിധികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഹൈദരാബാദ് മീര്‍പേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിലാണ് സംഭവം. ഫീസടക്കാത്ത കാരണത്താലാണ് കുട്ടിയെ അധ്യാപിക മര്‍ദിച്ചതെന്നാണ് വിവരം. വീട്ടിലെത്തിയ കുട്ടി നിര്‍ത്താതെ കരയുന്നതുകണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരമറിയുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുട്ടിയുടെ ദേഹം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്.

സംഭവത്തില്‍ അധ്യാപിക, പ്രധാനാധ്യാപിക, സ്‌കൂള്‍ ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ആരോപണവിധേയയായ അധ്യാപികക്കെതിരെ ഇതിനുമുന്‍പും ഇത്തരം പരാതികളുണ്ടായിട്ടുണ്ട്. കുട്ടികളെ അടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥി യൂണിയന്റെയും രക്ഷിതാക്കളുടെയും ആവശ്യം. അതുവരെ പ്രതിഷേധം തുടരുമെന്നും അവരറിയിച്ചു.

Top