4 Terrorists, 2 Soldiers Killed In Terror Attack At Air Base In Punjab

ചണ്ഡീഗഡ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദിയാക്രമണത്തില്‍ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തില്‍ ആറു തീവ്രവാദികള്‍ പങ്കെടുത്തു എന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. തീവ്രവാദികളെ നേരിടാന്‍ എന്‍.എസ്.ജിയുടെ സഹായം തേടിയിട്ടുണ്ട്.

പത്താന്‍കോട്ട് എയര്‍ബേസിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം അടച്ചിട്ടു. സൈന്യവും വ്യോമസേനയും പൊലീസും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്. എയര്‍ബേസിലെ ഒരു കെട്ടിടം തീവ്രവാദികള്‍ കയ്യടക്കിയതായി സൂചനയുണ്ട്. പത്താന്‍കോട്ടില്‍ നിന്ന് ഏകദേശം 50 കിലോമീറ്ററാണ് പാകിസ്താന്‍ അതിര്‍ത്തിയിലേക്കുള്ളത്.

സൈനിക യൂണിഫോമിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്താന്‍കോട്ടിലും പരിസര പ്രദേശങ്ങളിലും അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

പഞ്ചാബിലെ ജമ്മുകശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തി. ആര്‍മിയുടേയും നാവികസേനയുടേയും നിരവധി ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന ജമ്മുപത്താന്‍കോട്ട് ദേശീയപാത തന്ത്രപ്രധാനമായ കേന്ദ്രമാണ്. ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ പാകിസ്താനുമായി ബന്ധപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top