സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു; ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞതെന്നും, സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയാണ് കൊളീജിയത്തിലെ ഭൂരിപക്ഷംപേരും, ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്ജിയുടെ ബഞ്ചിലാണ് ജസ്റ്റിസ് ലോയുടെ കേസ് പരിഗണിക്ക് വന്നതെന്നും ഇത് സീനിയര്‍ ജഡ്ജിയുടെ ബഞ്ചിലേക്ക് മാറ്റണമെന്ന് നിരവധി തവണ അഭ്യര്‍ഥിച്ചതാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട് അതിനാലാണ് പ്രശ്‌നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥാപനം നിലനില്‍ക്കണം. ഭരണം കുത്തഴിഞ്ഞ നിലയിലാണ്. കാര്യങ്ങള്‍ വ്യവസ്ഥയിലല്ല നീങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസിനെ കണ്ട് കത്ത് നല്‍കിയിരുന്നു. കേസുകള്‍ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് അദ്ദേഹം ചെവിക്കൊള്ളാന്‍ തയാറായില്ല. അതിനാല്‍ രാജ്യത്തോട് പറയുന്നുവെന്നും ചേലമേശ്വര്‍ അറിയിച്ചു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്.

രണ്ടു കോടതികൾ നിർത്തിവച്ചാണ് നാലു ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചത്.

Top