നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ പുറത്താക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ പുറത്താക്കി. നല്‍ഗോണ്ടയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സുമാരടക്കമുള്ളവരെയാണ് ആശുപത്രി അധികൃതര്‍ പുറത്താക്കിയത്. മൃതദേഹത്തിനോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

nandamuri

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെ ഇവര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം വാട്‌സ്ആപ്പിലൂടെ പുറത്തുവരികയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഇവരെ സര്‍വീസില്‍ നിന്നു നീക്കിയതായും അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്കു വേണ്ടി മാപ്പ് ചോദിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ എന്‍.ടി.ആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. നടന്‍ കൂടിയായിരുന്ന ഹരികൃഷ്ണ 2008ല്‍ രാജ്യസഭാംഗമായിരുന്നു. സഹോദരന്‍ നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്.

Top