‘ജഡ്ജിമാര്‍ ആവശ്യത്തിന് ശബ്ദിച്ചാല്‍ മതി’; അവസാന ദിനം കുറിപ്പെഴുതി രഞ്ജന്‍ ഗൊഗോയ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെ അവസാന ദിനത്തില്‍ ഒന്നാം നമ്പര്‍ കോടതിയില്‍ 4 മിനിറ്റ് നേരത്തേക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിറ്റിംഗ് നടത്തിയത്. തന്റെ പിന്‍ഗാമി എസ്എ ബോബ്‌ഡെയെ അരികിലിരുത്തി തനിക്ക് മുന്നിലെത്തിയ പത്ത് കേസുകളിലും നോട്ടീസ് അയച്ച ഗൊഗോയ് ഒരു കുറിപ്പ് കൂടി എഴുതിയാണ് ദൗത്യം അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോള്‍ തന്നെ ജുഡീഷ്യറി നിശബ്ദത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്റെ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചത്. അയോധ്യ ഭൂമിതര്‍ക്കം വിഷയം മുതല്‍ റഫാല്‍ പ്രതിരോധ കരാര്‍, ശബരിമല ക്ഷേത്രത്തിലെ വനിതാ പ്രവേശനം, ചീഫ് ജസ്റ്റിസ് ഓഫീസിനെ ആര്‍ടിഐ ആക്ടിന് കീഴില്‍ കൊണ്ടുവരിക തുടങ്ങിയ സുപ്രധാന കേസുകളില്‍ നിലപാട് സ്വീകരിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് നവംബര്‍ 17ന് വിരമിക്കുന്നത്.

ചില ബാര്‍ അംഗങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പരിധി വ്യാപകമായി പ്രയോജനപ്പെടുത്തുന്നതായി 64കാരനായ ഗൊഗോയ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ബെഞ്ചിലെ ജഡ്ജിമാര്‍ നിശബ്ദത പാലിക്കുകയാണ് വേണ്ടത്. ജഡ്ജിമാര്‍ സംസാരിക്കരുത് എന്നല്ല അര്‍ത്ഥം. പ്രവര്‍ത്തനത്തിന്റെ ആവശ്യകതയ്ക്ക് വേണ്ടി മാത്രമാകണം ആ സംസാരം, അതിന് അപ്പുറം പോകരുത്, 2018 ഒക്ടോബര്‍ 3ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഗൊഗോയി വ്യക്തമാക്കി.

പൊതുജനങ്ങളുടെ വിശ്വാസത്തിലും, ആത്മവിശ്വാസത്തിലും നിലകൊള്ളുന്ന ശക്തമായ സ്ഥാപനത്തിന്റെ ഭാഗമാണ് താനെന്നും ഗൊഗോയി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയെന്ന ചിന്ത പോലും തനിക്ക് ഉണ്ടായിട്ടില്ലെന്ന് വിശദീകരണ കുറിപ്പില്‍ ചീഫ് ജസ്റ്റിസ് എഴുതി.

Top