കോസ്റ്റ് ഗാര്‍ഡിന്റെ ബാന്‍ഡ് സംഘത്തില്‍ കമാന്‍ഡറുള്‍പ്പെടെ 4 മലയാളികള്‍

ഡല്‍ഹി: വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലൂടെ മാര്‍ച്ച് ചെയ്ത് നീങ്ങിയ കോസ്റ്റ് ഗാര്‍ഡിന്റെ ബാന്‍ഡ് സംഘം റിപ്പബ്ലിക് ദിന പരേഡില്‍ പുതുചരിത്രമെഴുതി. കോസ്റ്റ് ഗാര്‍ഡ് ബാന്‍ഡ് സ്ഥാപിതമായി 16 വര്‍ഷമായെങ്കിലും ആദ്യമായാണ് റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ 24 പേരടങ്ങുന്ന ബാന്‍ഡ് സംഘത്തിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് പേര്‍ മലയാളികളാണെന്നത് കേരളത്തിനും അഭിമാനം.

മലപ്പുറം സ്വദേശി പാപ്പനൂര്‍ ഗോപാല്‍ ബാബുവാണ് ബാന്‍ഡ് സംഘത്തെ നയിച്ചത്. മലപ്പുറം സ്വദേശി വിവേക് പുന്നത്ത്, ചാലക്കുടി സ്വദേശി സിജോ ചേലേക്കാട്ട്, തിരുവനന്തപുരം സ്വദേശി കെ.എസ്. ബിജോയ് എന്നിവരാണ് മറ്റ് മലയാളികള്‍.

ഗോപാല്‍ ബാബു സംഗീതം നിര്‍വഹിച്ച ‘സുരക്ഷ’ എന്ന മാര്‍ച്ചിങ് ട്യൂണ്‍ ആണ് ബാന്‍ഡ് സംഘം വായിച്ചത്. കൂടാതെ ‘സാരേ ജഹാന്‍സെ അച്ഛാ’ എന്ന ദേശഭക്തിഗാനവും. ഇക്കുറി പരേഡില്‍ എയര്‍ഫോഴ്സ് കണ്ടിജെന്റിന് ശേഷമാണ് കോസ്റ്റ് ഗാര്‍ഡിന്റെ ബാന്‍ഡും പ്ലാറ്റൂണും മാര്‍ച്ച് ചെയ്തത്.

Top