നിര്‍ണായക കേസുകള്‍ സ്വന്തം ഇഷ്ട പ്രകാരം ജഡ്ജിമാരെ ഏല്‍പ്പിക്കരുത്; ചീഫ് ജസ്റ്റിസിന് ജഡ്ജിമാരുടെ തുറന്ന കത്ത്

Justice Dipak Misra

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നാല് മുന്‍ ജഡ്ജിമാരുടെ തുറന്ന കത്ത്. ഒരു സുപ്രീംകോടതി ജഡ്ജിയും മൂന്ന് ഹൈക്കോടതി ജഡ്ജിമാരുമാണ് കത്തെഴുതിയിരിക്കുന്നത്.

നിര്‍ണായക കേസുകള്‍ സ്വന്തം ഇഷ്ട പ്രകാരം ജഡ്ജിമാരെ ഏല്‍പ്പിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാര ദുര്‍വിനിയോഗം ഇല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേസുകള്‍ നീക്കിവെക്കുന്നതില്‍ യുക്തിസഹവും സുതാര്യമാര്‍ന്നതും ന്യായവുമായ പ്രക്രിയ ആവശ്യമാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജിമാരെ പിന്തുണച്ചാണ് മുന്‍ ന്യായധിപന്‍മാരുടെ തുറന്ന കത്ത്. ചീഫ് ജസ്റ്റിസിന്റെ ചില നടപടികള്‍ ഏകപക്ഷീയമാണെന്ന തോന്നലുണ്ടാക്കുന്നു. സുപ്രധാനവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതുമായ കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്കാണ് നല്‍കുന്നതെന്നും റിട്ട.ജസ്റ്റിസുമാരായ പി.ബി സാവന്ത്, എ.പി.ഷാ, കെ.ചന്ദ്രു, എച്ച്.സുരേഷ് എന്നിവരുടെ തുറന്ന കത്തില്‍ പറയുന്നു.

സുപ്രധാനമായ കേസുകളില്‍ ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ ഇടപെടലുകള്‍ക്കായിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്തണമെന്നും തുറന്ന കത്തില്‍ പറയുന്നുണ്ട്.

വെള്ളിയാഴ്ചയാണ് ജസ്റ്റിസുമാരയ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എം.ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്ത സമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീംകോടതി ഭരണനിര്‍വ്വഹണത്തിനുമെതിരെയും ആരോപണങ്ങളുന്നയിച്ചത്.

Top