4 Dead, 15 Injured in Clashes with Security Forces in Kashmir

ശ്രീനഗര്‍: കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധകാര്‍ക്ക് നേരെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ടു. ബുദ്ഗാമിലെ മാഗാം പ്രദേശത്തു കൂടി കടന്നു പോവുകയായിരുന്ന സി.ആര്‍.പി.എഫ് വാഹനത്തിനേരെ ഒരു കൂട്ടം യുവാക്കള്‍ കല്ലെറിയുകയായിരുന്നു.

ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 39 ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന കാശ്മീരില്‍ കര്‍ഫ്യൂ ഇപ്പോഴും നിലനില്‍ക്കുകയാണ്.

താഴ്‌വരയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ വളരെ കുറവാണ്. താഴ്‌വരയിലെ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ശനിയാഴ്ച വൈകുന്നേരം നിര്‍ത്തലാക്കിയിരുന്നു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ അറുപതു പേരാണ് ഇതുവരെ താഴ്‌വരയില്‍ കൊല്ലപ്പെട്ടത്. ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top