വാടക വീട് കാണാനെത്തിയ വീട്ടമ്മയെ പൂട്ടിയിട്ട് കവര്‍ച്ച; നാല് പേര്‍ പിടിയില്‍

കൊച്ചി വാടക വീട് നോക്കാനെത്തിയ വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ 2 സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനി അശ്വതി, തിരുവനന്തപുരം പേട്ട സ്വദേശി കണ്ണന്‍, വടുതല സ്വദേശി മുഹമ്മദ് ബിലാല്‍, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ഇന്ദു എന്നിവരാണ് പിടിയിലായത്.വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയെയാണ് ഇവര്‍ ആക്രമിച്ചത്.

കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് കേസിനാസ്പ്പദമായ സംഭവം. പരാതിക്കാരിയെ സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തു മൊണാസ്ട്രി റോഡില്‍ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വിളിച്ചു വരുത്തിയ പ്രതികള്‍ മുറി കാണിക്കാനെന്ന വ്യാജേന വീട്ടിനുള്ളില്‍ കയറ്റി പൂട്ടിയിടുകയായിരുന്നു. തുടര്‍ന്നു ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം ആഭരണങ്ങള്‍ കൈക്കലാക്കുകായിരുന്നു. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണാടിക്കാട് വാടക വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പൂച്ചാക്കലില്‍ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതായും കണ്ടെത്തി. ഇവ വീണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top