ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.5 ലക്ഷം കടന്നു; രോഗബാധിതര്‍ 89 ലക്ഷവും

വാഷിംഗ്ടണ്‍: ലോകത്ത് ഇതുവരെ 466,728 പേര്‍ കൊവിഡ് രോഗ ബാധിതരായി മരിച്ചതായി കണക്കുകള്‍. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. അമേരിക്കയില്‍ 32,000 ലേറെ പേര്‍ക്കും ബ്രസീലില്‍ 31,000 ലേറെ പേര്‍ക്കും 24 മണിക്കൂറിനിടെ രോഗം ബാധിച്ചു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 547 പേരാണ് മരിച്ചത്. ബ്രസീലില്‍ 968 പേര്‍ കൂടി മരിച്ചതോടെ ബ്രസീലില്‍ ആകെ മരണം അന്‍പതിനായിരം കടന്നു.

ന്യൂയോര്‍ക്ക് നഗരത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കും. ഓഫീസുകള്‍ തുറക്കാനും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയി സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകള്‍ക്ക് പുറത്ത് ഭക്ഷണം വിളമ്പാനും ഈ ഘട്ടത്തില്‍ അനുമതിയുണ്ട്. ഇതോടെ 3 ലക്ഷം ആളുകള്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിക്കും.

അതിനിടെ സ്‌പെയിന്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്‌പെയിന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. മാര്‍ച്ച് മധ്യത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ആറ് തവണ നീട്ടി വച്ചിരുന്നു. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ തുടരും.

ഇറ്റലിയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തി. രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന ലൊംബാര്‍ഡിയില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തരെയാണ് വത്തിക്കാനിലേക്ക് ക്ഷണിച്ച് നന്ദി അറിയിച്ചത്. കൊവിഡ് പോരാട്ടത്തിനിടെ മരിച്ച ആരോഗ്യപ്രവര്‍ത്തകരെയും മാര്‍പ്പാപ്പ അനുസ്മരിച്ചു.

Top