മോദിയുടെ വാഗ്ദാനം ‘പാഴ് വാക്ക്’ ; ഗുജറാത്തില്‍ 4.04 ലക്ഷം യുവാക്കള്‍ തൊഴില്‍ രഹിതര്‍

അഹമ്മദാബാദ് :ഗുജറാത്തില്‍ 4.05 ലക്ഷം യുവാക്കള്‍ തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ വകുപ്പ് മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ തൊഴില്‍ രഹിതാരായ യുവാക്കളുടെ എണ്ണം വ്യക്തമാക്കുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഓരോ വര്‍ഷവും 1.25 ലക്ഷം യുവാക്കള്‍ തൊഴില്‍ തേടിയിറങ്ങുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകളിലാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ 2015 ലെ കണക്കുകളെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം 4.05 ആയി കുറഞ്ഞുവെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിപുല്‍ മിത്ര പറഞ്ഞത്. റോബോട്ടിക്‌സ്, ത്രിഡി ഡിസൈനിങ് പോലുള്ള മേഖലയില്‍ യുവാക്കളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കാനാവശ്യമായ കോഴ്‌സുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുവെന്നും, ഇതിനായി ഐടിഐ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും വിപുല്‍ മിത്ര വ്യക്തമാക്കി.

2019 ജനുവരി 20 ന് ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.കൂടാതെ ജനുവരി 28 മുതല്‍ ഫെബ്രുവരി 24 വരെ കാമ്പസ് പ്ലേസ്‌മെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ 52 യൂണിറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മിത്ര കൂട്ടിച്ചേര്‍ത്തു.

Top