ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 201 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി. ആദ്യം ജയ്‌സ്വാള്‍ വാളെടുത്ത് വീശിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ച ഇന്ത്യയ്ക്ക് ഏശിയതേയില്ല. പിന്നാലെ സൂര്യകുമാര്‍ യാദവ് ജ്വലിച്ചുയര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നു. ബൗളിംഗില്‍ അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ നിരയിലെ ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകള്‍ ഓരോത്തരായി ഡഗ് ഔട്ടിലേക്ക് മടങ്ങി. 25 റണ്‍സെടുത്ത നായകന്‍ എയ്ഡന്‍ മാക്രമിനും 35 റണ്‍സെടുത്ത ഡേവിഡ് മില്ലറിനും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. വെറും 95 റണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ നിര ഓള്‍ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ബാറ്റുകൊണ്ട് ഭീഷണിയാകാന്‍ ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ആദ്യ ഓവര്‍ മെയ്ഡനാക്കി സിറാജ് വരാനിക്കുന്ന വിക്കറ്റ് വേട്ടയുടെ സൂചന നല്‍കി.

മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ശുഭ്മാന്‍ ?ഗില്ലും തിലക് വര്‍മ്മയും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 29 റണ്‍സെടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാളും സൂര്യകുമാറും ഒത്തുചേര്‍ന്നതോടെ കളി മാറി. ഇരുവരും സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റ് വീശിയതോടെ റണ്‍സൊഴുകി. മൂന്നാം വിക്കറ്റില്‍ 112 റണ്‍സ് വന്നു. 41 പന്തില്‍ 60 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ പുറത്താകുന്നത്. അവസാന ഓവറില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 100 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, നാല് റണ്‍സ് വീതമെടുത്ത രവീന്ദ്ര ജഡേജ, ജിതേഷ് ശര്‍മ്മ എന്നിവര്‍ അവസാന ഓവറില്‍ പുറത്തായി.

Top