3 വര്‍ഷത്തില്‍ 391 അഫ്ഗാനി, 1595 പാക് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം

2016 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷക്കാലത്തിനിടെ 391 അഫ്ഗാനിസ്ഥാന്‍, 1595 പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിച്ചെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റിനെ അറിയിച്ചു. അഫ്ഗാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ് കുടിയേറ്റക്കാരുടെ എണ്ണം എടുത്തിട്ടില്ലെന്നും റായ് രാജ്യസഭയില്‍ വ്യക്തമാക്കി.

391 അഫ്ഗാനി, 1595 പാകിസ്ഥാനി കുടിയേറ്റക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം അനുവദിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ഈ വര്‍ഷം ഡിസംബര്‍ ആറ് വരെയുള്ള കണക്കുകള്‍ പ്രകാരം 40 അഫ്ഗാനി, 712 പാകിസ്ഥാനി കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം അനുവദിച്ചതെന്നും മന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.

2018 മുതലാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ സിഖ്, ഹിന്ദു, ബുദ്ധിസ്റ്റ്, ജെയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി തുടങ്ങിയത്. 2014 ഡിസംബര്‍ 31 വരെ രാജ്യത്ത് എത്തിയ ഈ വിഭാഗക്കാര്‍ക്ക് ആറ് വര്‍ഷത്തിനുള്ളില്‍ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യനപക്ഷങ്ങള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നതിനാല്‍ ബില്‍ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Top