ഒരു കണ്ടെയ്നര്‍ ലോറി നിറയെ മൃതദേഹങ്ങള്‍; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍ !

crime_investigation

ലണ്ടന്‍: ഒരു കണ്ടെയ്നര്‍ ലോറി നിറയെ മൃതദേഹങ്ങളുമായി ഇരുപത്തഞ്ചുകാരന്‍ പിടിയില്‍. ബ്രിട്ടനിലെ എസക്സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം ലോറി പരിശോധിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടത്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം കണ്ടെത്തിയ എസക്സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയര്‍ലന്‍ഡില്‍നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്.

മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.അതിദാരുണമായ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചിരിക്കുകയാണ്.

Top