ആസാം വെള്ളപ്പൊക്കം, 3,888 കോടി രൂപ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വെള്ളപ്പൊക്കം നാശം വിതച്ച ആസാമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണമെന്ന് കോണ്‍ഗ്രസ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമായി 3,888 കോടി രൂപ അനുവദിക്കണമെന്നാണ് ആസമിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.

ആസാമിനോട് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത് ചിറ്റമ്മ നയമാണെന്ന് കോണ്‍ഗ്രസ് എംപി ഭുബനേശ്വര്‍ കലിത പറഞ്ഞു. ഗുജറാത്തിന് ദുരിതാശ്വാസ പാക്കേജ് ഇനത്തില്‍ 2,000 കോടി രൂപ നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു കലിതയുടെ ഈ വിമര്‍ശനം.

വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് സംസ്ഥാനം പതിയെ കരകയറിത്തുടങ്ങിയപ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി ഇവിടെ സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top