16 വയസ്സുകാരനെ കൂടെ താമസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ 38-കാരി അറസ്റ്റില്‍

മുംബൈ: 16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 38-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ നെഹ്റു നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് യുവതി പിടിയിലായത്. സ്ത്രീക്കെതിരെ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഓഗസ്റ്റ് 21 വരെ കസ്റ്റഡിയില്‍വിട്ടു.

ജൂണ്‍ 29-ന് ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതിനിടെ പ്രദേശത്ത് തന്നെ താമസിക്കുന്ന 38-കാരിയെയും കാണാതായിരുന്നു. എന്നാല്‍ കുട്ടിയെ കാണാതായി ഒരുമാസത്തിന് ശേഷമാണ് പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ത്രീയുടെ ഭര്‍ത്താവും അതേദിവസം ഭാര്യയെ കാണാനില്ലെന്നും പരാതി നല്‍കിയിരുന്നു.

പോലീസ് സംഘം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആണ്‍കുട്ടിയും സ്ത്രീയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസമായി പരിചയത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും കുര്‍ളയിലെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുടിലില്‍നിന്ന് ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.

വീട്ടില്‍നിന്നിറങ്ങിയ തന്നെ സ്ത്രീ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തെന്ന് 16-കാരന്‍ പോലീസിനോട് പറഞ്ഞു. പിന്നീട് കുട്ടിയുമായി സ്ത്രീ ന്യൂഡല്‍ഹിയിലെത്തി താമസിക്കാനിടം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ ഇരുവരും ബറോഡയിലേക്കും അവിടെനിന്ന് നവസാരിയിലേക്കും പോയി.

സ്ത്രീയോടൊപ്പം കഴിഞ്ഞദിവസങ്ങളില്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 16-കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top