38 indians detained in uk for visa breach in factory raids

ലണ്ടന്‍: വീസ ചട്ട ലംഘനത്തേ തുടര്‍ന്ന് ഒന്‍പതു സ്ത്രീകളടക്കം 38 ഇന്ത്യക്കാരെ ബ്രിട്ടനിലെ ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ രണ്ടു വസ്ത്രനിര്‍മാണശാലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതില്‍ 31 പേര്‍ വീസ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരുന്നവരാണ്. ഏഴുപേര്‍ അനധികൃതമായി രാജ്യത്തു കുടിയേറിയവരും. യുകെയിലെ എംകെ ക്ലോത്തിങ് ലിമിറ്റഡ്, ഫാഷന്‍ ടൈംസ് യുകെ ലിമിറ്റഡ് എന്നീ വസ്ത്രനിര്‍മാണശാലകളിലാണ് കഴിഞ്ഞയാഴ്ച പരിശോധന നടന്നത്.

അറസ്റ്റിലായവരില്‍ 19 പേരെ കസ്റ്റഡിയില്‍ നിന്ന് വിടാന്‍ അധികൃതര്‍ തയ്യാറായില്ല. ഇരുപത് പേര്‍ കേസ് നടക്കുന്ന ഓഫിസില്‍ ദിവസവും ഹാജരാവണം. നിയമവിരുദ്ധമായി തൊഴിലെടുപ്പിച്ച വസ്ത്രനിര്‍മാണശാലകള്‍ക്കെതിരെയും നടപടിയുണ്ട്.

രണ്ടു കമ്പനികളും ഏതാണ്ട് 20,000 പൗണ്ട് വീതം പിഴയായി നല്‍കേണ്ടിവരും. സംഭവത്തില്‍ വസ്ത്രനിര്‍മാണശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടികള്‍ തുടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top