ഗാല്‍വനില്‍ കൊല്ലപ്പെട്ടത് 38 സൈനികര്‍: ചൈനീസ് അവകാശവാദം തെറ്റെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വാരത്തിലുണ്ടായ സംഘര്‍ഷത്തില്‍ 38 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഓസ്ട്രേലിയന്‍ പത്രം. സംഘര്‍ഷത്തില്‍ മരണപ്പെട്ട സൈനികരുടെ കണക്കുകള്‍ സംബന്ധിച്ച് ചൈനയുടെ അവകാശവാദത്തിന്റെ ഒന്‍പത് ഇരട്ടിയാണ് യഥാര്‍ഥ സംഖ്യയെന്ന് ‘ദ ക്ലാക്സണ്‍’ പത്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ‘ഗാല്‍വാന്‍ ഡീകോഡഡ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ നാല് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് തിരുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഒരു സംഘം സോഷ്യല്‍ മീഡിയ ഗവേഷകര്‍ ഒരു വര്‍ഷം നീണ്ടുന്ന പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചൈനീസ് സാമൂഹ്യമാധ്യമമായ ‘വെയ്ബോ’ അടക്കമുള്ളവയുടെ ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അന്വേഷണം.

ജൂണ്‍ 15-16 ദിവസങ്ങളില്‍ സംഘര്‍ഷത്തിന്റെ പ്രാരംഭഘട്ടത്തില്‍, ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top