ചന്ദ്രബാബു നായിഡു വകമാറ്റിയത് 371 കോടി; അറസ്റ്റ് അനിവാര്യമായിരുന്നെന്ന് ഉദ്യോഗസ്ഥർ

അമരാവതി : ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിലായത് 371 കോടി രൂപയുടെ അഴിമതിക്കേസിൽ. നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ പ്രധാന സൂത്രധാരനും നേട്ടം കൊയ്തതും ചന്ദ്രബാബു നായിഡുവാണെന്ന് ആന്ധ്രപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറിയിച്ചു. പ്രധാനപ്രതി ചന്ദ്രബാബു നായിഡുവായതിനാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് ശനിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തതെന്ന് സിഐഡി അഡീഷനൽ ഡയറക്ടർ ഓഫ് പൊലീസ് എൻ.സഞ്ജയ് അറിയിച്ചു.

2014ൽ സിയമെൻസ് ‌നൈപുണ്യ വികസന കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. സിയമെൻസും ഡിസൈൻ ടെകും ചേർന്ന് 90 ശതമാനം മുടക്കുകയും 10 ശതമാനം സർക്കാൻ ഗ്രാന്റ് ആയി അനുവദിക്കുന്നതുമായിരുന്നു കരാർ. ഗ്രാന്റായി സർക്കാർ അനുവദിക്കേണ്ട തുക 3,300 കോടിയായിരുന്നു. ഇതിൽ അഴിമതി നടന്നുവെന്നാണ് പ്രധാന ആരോപണം.

സിയമെൻസും ഡിസൈൻ ടെക്കും സർക്കാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ കമ്പനികൾ മുടക്കുന്ന 90 ശതമാനം തുക എത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല. ചന്ദ്രബാബു നായിഡുവും ടിഡിപി സംസ്ഥാന പ്രസിഡന്റ് കെ.അച്ചന്നായിഡുവും ചേർന്നാണ് കരാറിൽ ധാരണയിലെത്തിയത്. അച്ചന്നായിഡുവും മുൻ മന്ത്രിയായിരുന്ന ഗണ്ഡ ശ്രീനിവാസ് റാവുവും കേസിൽ പ്രതികളാണ്.

നിയമം മറികടന്നാണ് അന്ധ്രപ്രദേശ് സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ രൂപീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ അനുവദിച്ച 371 കോടി രൂപയിൽ ചെറിയ സംഖ്യമാത്രമാണ് നൈപുണ്യ വികസന കേന്ദ്രത്തിനായി ചെലവഴിച്ചത്. ബാക്കി തുക വകമാറ്റി. കടലാസ് കമ്പനികളിലൂടെ കൃത്രിമ ഇൻവോയ്സ് നിർമിച്ചാണ് പണം വകമാറ്റിയത്. ഇൻവോയ്സുകൾ പലതും കണ്ടെത്താൻ സാധിച്ചിട്ടുമില്ല.

ചന്ദ്രബാബു നായിഡുവും ടിഡിപി നേതാക്കളുമാണ് പണം തട്ടിച്ചെടുത്തത്. കടലാസ് കമ്പനികളിലൂടെ സർക്കാർ പണം വകമാറ്റുന്നതിന് നേതൃത്വം നൽകിയത് ചന്ദ്രബാബു നായിഡുവാണ്. ധാരണപത്രം ഒപ്പിടുന്നതു മുതൽ ഓരോ നടപടിയും ചന്ദ്രബാബു നായിഡു അറിഞ്ഞുകൊണ്ടാണ് നടന്നിട്ടുള്ളതെന്നും അന്വേഷണ സംഘം പറയുന്നു.

അന്നത്തെ ചീഫ് സെക്രട്ടറി ഐ.വൈ.ആർ. കൃഷ്ണ റാവു, പ്രിൻസിപ്പൽ ഫിനാൻസ് സെക്രട്ടറി പി.വി.രമേശ്, സ്പെഷൽ സെക്രട്ടറി കെ.സുനിത എന്നിവർ ചന്ദ്രബാബുവിന്റെ നീക്കത്തെ എതിർത്തു. മുൻകൂറായി പണം അനുവദിക്കുന്നതിനെതിരെ അവർ ഫയലിൽ അഭിപ്രായം രേഖപ്പെടുത്തി. എന്നാൽ, പല സുപ്രധാന രേഖകളും ഇതിനകം അപ്രത്യക്ഷമായി. വളരെ ആഴത്തിലുള്ള സാമ്പത്തിക ക്രമക്കേടാണ് നടന്നത്.

പ്രധാന പ്രതി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമാണ്. കേസ് അട്ടിമറിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നതിനാലാണ് അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഡിസൈൻ ടെക് മാനേജിങ് ഡയറക്ടർ വികാസ് വിനായക് ഖാൻവിൽകർ ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, ജിഎസ്ടി ഇന്റലിജൻസ് എന്നിവരും അന്വേഷണം നടത്തുന്നുണ്ട്.

Top