37 seat give bdjs

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ബി.ഡി.ജെ.എസും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. തര്‍ക്കം നിലനിന്ന വര്‍ക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട് സീറ്റുകള്‍ അടക്കം 37 സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കും. വര്‍ക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട്, തിരുവല്ല, റാന്നി, പറവൂര്‍, ഇരവിപുരം, കളമശേരി, ഒല്ലൂര്‍, നാട്ടിക, കായംകുളം, വൈക്കം, പൂഞ്ഞാര്‍ അടക്കമുള്ള മണ്ഡലങ്ങളാണിവ. എന്നാല്‍, പുതുക്കാട്, നെന്മാറ സീറ്റുകള്‍ ബി.ജെ.പി വിട്ടുനല്‍കില്ല.

മറ്റ് ഘടക കക്ഷികളുമായി രണ്ട് ദിവസത്തിനകം ചര്‍ച്ച പൂര്‍ത്തിയാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ മാറ്റമില്ല. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ തീരുമാനമായില്ലെന്നും കുമ്മനം പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ കുറിച്ച് ബി.ഡി.ജെ.എസ് പരാതി പറഞ്ഞുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാര്‍ വ്യക്തമാക്കി.

ഞായറാഴ്ച എന്‍.ഡി.എയിലെ ചെറുഘടകക്ഷികളുമായി ബി.ജെ.പി സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. രാജന്‍ ബാബുവിന്റെ ജെ.എസ്.എസും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും അടക്കമുള്ളവര്‍ക്ക് എട്ട് സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി നിലപാട്.

Top