രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകൾ റദ്ദാക്കി കേന്ദ്ര സർക്കാരിന്റെ വ്യാജ സിം വേട്ട

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം കാർഡുകൾ. രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം ഇത്തരത്തിൽ റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്.

ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നൽകി വാങ്ങിയ സിം കാർഡുകളാണ് ടെലികോം വകുപ്പിന്റെ ‘അസ്ത്ര്’ (ASTR) എന്ന എഐ സംവിധാനത്തിലൂടെ ബ്ലോക് ചെയ്തത്. ഇതിനായി 87 കോടി സിം കാർഡുകളുടെ വിവരങ്ങൾ ഈ സോഫ്റ്റ്‍വെയർ പരിശോധിച്ചു.

കേരളത്തിൽ സംശയാസ്പദമായി റിപ്പോർട്ട് ചെയ്ത 11,462 സിം കാർഡുകളിൽ നിന്നാണ് 9,606 എണ്ണം റദ്ദാക്കിയത്. ആകെ 3.56 കോടി സിം കാർഡുകളുടെ വിവരങ്ങളാണ് കേരളത്തിൽ അസ്ത്ര് പരിശോധിച്ചത്. വ്യാജ സിം കാർഡ് വിറ്റ 7 സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയിൽ) കരിമ്പട്ടികയിൽപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വ്യാജ സിം കാർഡുകളുടെ എണ്ണം കുറവാണ്.

ഒരു വ്യക്തി വിവിധ പേരുകളിൽ 6,800 സിം കാർഡുകൾ എടുത്തത് അസ്ത്ര് വഴി കണ്ടെത്തിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മറ്റൊരു വ്യക്തി എടുത്ത സിം കാർഡുകളുടെ എണ്ണം 5,300. സൈബർ തട്ടിപ്പുകൾക്കു വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ അവ കണ്ടെത്തി തടയാനാണ് ഈ സംവിധാനം രൂപകൽപന ചെയ്തതെന്ന് ഇതിന്റെ ശിൽപികളിലൊരാളായ ടെലികോം വകുപ്പ് അഡീഷനൽ ഡയറക്ടർ ജനറൽ നവീൻ ജാഖർ ‘മനോരമ’യോടു പറഞ്ഞു.

സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്ക് നൽകുന്ന ചിത്രങ്ങൾ മുഴുവനായി പരിശോധിച്ചാണ് അസ്ത്ര് പ്രവർത്തിക്കുന്നത്. ഈ ചിത്രങ്ങൾ എഐ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. മുഖങ്ങൾ തമ്മിൽ കുറഞ്ഞത് 97.5% സാമ്യമുണ്ടായിരിക്കണം. ഒരു ചിത്രം നൽകിയാൽ ഒരുകോടി ചിത്രങ്ങളിൽ നിന്ന് 10 സെക്കൻഡ് കൊണ്ട് അതുമായി സാമ്യമുള്ള എല്ലാ മുഖങ്ങളും കണ്ടെത്തും. ഇവയുടെ കെവൈസി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങൾ കണ്ടെത്തും. മിക്കതിലും പേരുകളും വിവരങ്ങളും വ്യത്യസ്തമായിരിക്കും. ഇവ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം റദ്ദാക്കും. ഈ നമ്പറുകളിലുള്ള അക്കൗണ്ട് നീക്കം ചെയ്യാൻ വാട്സാപ് കമ്പനിയും സമ്മതമറിയിച്ചിട്ടുണ്ട്.

വ്യാജ സിം കാർഡുകളിൽ മുന്നിൽ നില്കുന്നത് ബംഗാൾ ആണ്. ബംഗാൾ (12.34 ലക്ഷം),ഹരിയാന (5.24 ലക്ഷം), ബിഹാർ–ജാർഖണ്ഡ് (3.27 ലക്ഷം), മധ്യപ്രദേശ് (2.28 ലക്ഷം), യുപി (2.04 ലക്ഷം), ഗുജറാത്ത് (1.29 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.

സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർ നടപടി സ്വീകരിക്കും.

സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നു ഫോൺ വാങ്ങുമ്പോൾ അവ കരിമ്പട്ടികയിൽപെട്ടതല്ലെന്ന് ഉറപ്പാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പറും മൊബൈൽ നമ്പറും bit.ly/imeiveri എന്ന ലിങ്കിൽ നൽകിയാൽ അതിന്റെ തൽസ്ഥിതി അറിയാം. ഐഎംഇഐ നമ്പർ അറിയാൻ *#06# ഡയൽ ചെയ്യണം. ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓൾറെഡി ഇൻ യൂസ് എന്നിങ്ങനെ കാണിച്ചാൽ വാങ്ങരുത്.

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പും അപ്‍ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താൽ പുതിയ സിം ഇട്ടാലും പ്രവർത്തിക്കില്ല.

Top