വിഷന്‍ പ്രോ വാങ്ങാന്‍ 3500 ഡോളര്‍ മാത്രം പോരാ; ആപ്പിള്‍ സ്റ്റോറുകളില്‍ അപ്പോയിന്റ്മെന്റ്എടുക്കുകയും വേണം

റ്റവും പുതിയ ടെക് ഉപകരണമായാ വിഷന്‍ പ്രോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, 3500 ഡോളറും പോക്കറ്റിലിട്ട് കടയിലേക്കു ചെന്നാല്‍ മാത്രം പോര, ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം. തുടക്കത്തില്‍ അമേരിക്കയിലെ ഏതാനും ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാത്രമായിരിക്കും ഇതു വില്‍ക്കുക. വാങ്ങുന്ന ആളുടെ തലയുടെ വലുപ്പം അനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്താനാണ് ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരാള്‍ വാങ്ങുന്ന വിഷന്‍ പ്രോയുടെ അതേ അനുഭവം വീട്ടിലുള്ള മറ്റുള്ളവര്‍ക്കു പോലും കിട്ടണമെന്നില്ല.

ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ നടത്താനാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വിഷന്‍ പ്രോ ഉപയോഗിക്കുമ്പോള്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനുള്ള ലൈറ്റ് സീലിങ് ക്രമീകരണങ്ങളാണ് ഓരോരുത്തരെയും സ്റ്റോറില്‍ ഇരുത്തി നടത്തുക. അമേരിക്കയിലെ 270 ആപ്പിള്‍ സ്റ്റോറുകള്‍ വഴിയും വിഷന്‍ പ്രോ വില്‍ക്കുമെങ്കിലും, തുടക്കത്തില്‍ ന്യൂയോര്‍ക്കും, ലോസ് ആഞ്ചലീസും അടക്കം ഏതാനും നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകള്‍വഴി മാത്രമായിരിക്കും ലഭിക്കുക.

കാഴ്ചയ്ക്കു പ്രശ്നമുള്ളവരാണ് ഈ ഹെഡ്സെറ്റ് വാങ്ങുന്നതെങ്കില്‍, അവരുടെ കണ്ണു ഡോക്ടര്‍ നല്‍കിയിരിക്കുന്ന കുറിപ്പ് അനുസരിച്ചുള്ള ക്രമീകരണവും ആപ്പിള്‍ ചെയ്തു നല്‍കും. യുകെ, ക്യാനഡ, ചല രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ വിഷന്‍ പ്രോ വില്‍പ്പനയ്ക്കെത്തുക 2024 അവസാനമായിരിക്കും. ഇതു പരിചയപ്പെടുത്താനുള്ള സ്റ്റാഫിനെ ട്രെയിന്‍ ചെയ്യുന്നതടക്കമുള്ള മുന്നൊരുക്കം നടത്തേണ്ടതായുണ്ട് കമ്പനിക്ക്. അതേസമയം ചെറിയ ശരീരവും ശിരസുമുള്ള ചില ആളുകള്‍ക്ക് വിഷന്‍ പ്രോ അരമണിക്കൂറൊക്കെയായിരിക്കും തുടര്‍ച്ചായി അണിയാന്‍ സാധിക്കുക എന്ന് ആപ്പിള്‍ കണ്ടെത്തിയെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊരു പരിഹാരമെന്ന നിലയില്‍ രണ്ടാരമതൊരു സ്ട്രാപ്കൂടെ ഇടുന്ന കാര്യം ആപ്പിള്‍ ഇപ്പോള്‍ പരിഗണിച്ചു വരികയാണെന്നും അതിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പറയുന്നു.

Top