അജ്ഞാത സ്രോതസ്സിൽ നിന്ന് 35 വർഷമായി റേഡിയോ വികിരണങ്ങൾ; ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന പഠനം

രു അജ്ഞാത സ്രോതസ്സിൽ നിന്ന് 1988 മുതൽ കൃത്യമായ ഇടവേളകളിൽ റേഡിയോ വികിരണങ്ങൾ എത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ പഠനം. എന്താണ് ഈ സ്രോതസ്സെന്നോ എന്തുകൊണ്ടാണ് അത് റേഡിയോ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതെന്നോ ശാസ്ത്രജ്ഞർക്ക് കൃത്യമായി അറിയില്ല.

35 വർഷമായി, 20 മിനിറ്റ് ദൈർഘ്യമുള്ള റേഡിയോതരംഗങ്ങളാണ് പുറപ്പെടുവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ വികിരണങ്ങളുടെ പ്രഭയിലും വ്യത്യാസമുണ്ടെന്ന് ഗവേഷകർ പറയുന്നു.

പൾസറുകൾ എന്നറിയപ്പെടുന്ന മൃതനക്ഷത്രങ്ങളിൽ നിന്നു വരുന്ന വികിരണങ്ങളുമായും ഫാസ്റ്റ് റേഡിയോ ബസ്റ്റ് എന്നറിയപ്പെടുന്ന വികിരണങ്ങളുമായും ഇവയ്ക്കു സാമ്യമുണ്ടെങ്കിലും 21 മിനിറ്റ് വരെ ദൈർഘ്യമുള്ളതാണു വ്യത്യസ്തമായി തോന്നുന്നത്. പൾസറുകൾ പ്രവർത്തിക്കണമെങ്കിൽ ശക്തമായ കാന്തികോർജം വേണം. പുതുതായി കണ്ടെത്തിയിരിക്കുന്ന വസ്തുവിന് ജിപിഎംജെ1839-10 എന്നാണു പേരിട്ടിരിക്കുന്നത്. ഇതൊരു പൾസർ ആണെങ്കിൽ തന്നെ സാധാരണ ഗതിയിൽ പൾസറുകൾ പ്രവർത്തിക്കാത്ത രീതിയിലാണ് ഇതിന്റെ പ്രവർത്തനമെന്ന് ഗവേഷകർ പറയുന്നു.

‌ശക്തമായ കാന്തിക മണ്ഡലമുള്ള ഒരു വെളളക്കുള്ളൻ നക്ഷത്രമോ അല്ലെങ്കിൽ മാഗ്നറ്റാർ എന്ന വിഭാഗത്തിൽ പെടുന്ന ന്യൂട്രോൺ നക്ഷത്രമോ ആകാനുള്ള സാധ്യതയും മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെയുള്ള പഠനങ്ങളിൽ മാഗ്നറ്റാറുകൾ ഇത്തരം വികിരണങ്ങൾ പുറപ്പെടുവിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു, 1988 മുതൽ വികിരണങ്ങൾ പുറപ്പെടുവിക്കപ്പെടുന്നുണ്ടെങ്കിലും ഈ അജ്ഞാത വസ്തു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അടുത്തിടെ ഇതു കണ്ടെത്തിയതോടെയാണ് മുൻകാലങ്ങളിലെ ഡേറ്റ ശാസ്ത്രജ്ഞർ പരിഗണിച്ചതും ഈ ന്യൂട്രോൺ നക്ഷത്രത്തെ കണ്ടെത്തിയതും.

Top