ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍

ഗാന്ധിനഗര്‍ : ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍. വിദ്യാഭ്യാസ വകുപ്പില്‍ 1,400-ലധികം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകള്‍ പുറത്തുവന്നത്.

2023 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായത്, അധ്യാപകരുടെ എണ്ണം കുറവായത്, ചില ക്ലാസ് മുറികള്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനാല്‍, കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ല തുടങ്ങിയ കാരണങ്ങളാണ് ഒറ്റമുറി സ്‌കൂളുകള്‍ തുടരുന്നതിന് പിന്നിലെന്നാണ് സര്‍ക്കാര്‍ ന്യായങ്ങള്‍.

അതെ സമയം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കണക്കും പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയര്‍ന്നുവെന്നായിരുന്നു അത്. കോണ്‍ഗ്രസ് എംഎല്‍എ തുഷാര്‍ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Top