34 യുഎസ് സൈനികരുടെ തലച്ചോറിന് പരുക്ക്; വെറും തലവേദനയെന്ന് ട്രംപ്

റാഖിലെ സൈനിക ബേസിന് നേര്‍ക്ക് ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് ഗുരുതര പരുക്കേറ്റതായി പെന്റഗണ്‍. നേരത്തെ സൈന്യം പ്രഖ്യാപിച്ചതിലും ഗുരുതരമാണ് വിഷയങ്ങളെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ഇറാന്റെ അക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ പോലും കൊല്ലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരത്തെ അവകാശപ്പെട്ടത്. പശ്ചിമ ഇറാഖിലെ എയിന്‍ അല്‍ അസദ് എയര്‍ ബേസില്‍ നടന്ന അക്രമണത്തില്‍ 11 യുഎസ് സേനാംഗങ്ങള്‍ക്ക് ചെറിയ പരുക്കേറ്റെന്നും ഇവരെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോയെന്നുമാണ് യുഎസ് സൈന്യം നേരത്തെ വ്യക്തമാക്കിയത്.

ഈ ആഴ്ച കൂടുതല്‍ പേരെ പരുക്കുകള്‍ മൂലം ഇറാഖില്‍ നിന്നും മാറ്റിയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തിരുന്നു. പരുക്കേറ്റ 17 സേനാംഗങ്ങള്‍ ചികിത്സ പൂര്‍ത്തിയാക്കി ഇറാഖില്‍ തിരിച്ചെത്തിയെന്ന് പെന്റഗണ്‍ വക്താവ് ജോന്നാഥന്‍ ഹോഫ്മാന്‍ പറഞ്ഞു. ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിഞ്ഞ എട്ട് സേനാംഗങ്ങള്‍ യുഎസിലേക്ക് മടങ്ങി. ഇവര്‍ക്ക് തുടര്‍ചികിത്സകള്‍ നല്‍കും.

തലവേദനയും, തലചുറ്റലും, വെളിച്ചത്തോട് അലര്‍ജ്ജിയും, ഓക്കാനവുമാണ് സൈനികരില്‍ കാണുന്നതെന്ന് ഹോഫ്മാന്‍ പറഞ്ഞു. തലച്ചോറിന് പരുക്കേറ്റതാണ് ഇതിന് കാരണമെന്ന് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സൈനികരുടെ പരുക്ക് വലിയ കാര്യമല്ലെന്ന തരത്തില്‍ പ്രസിഡന്റ് ട്രംപ്. ചിലര്‍ക്ക് ചെറിയൊരു തലവേദനയും പ്രശ്‌നങ്ങളും ഉണ്ടെന്ന് കേട്ടെന്നാണ് പ്രസിഡന്റിന്റെ വാദം.

Top