ഇന്ത്യ പാക്ക് മത്സരത്തിനിടെ ദേശീയഗാനം പാടിയ പാക്ക് ആരാധകന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

ദുബായ്: ഏഷ്യാകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം ഏറ്റുപാടിയ പാക്ക് ആരാധകന്റെ വീഡിയോ വൈറലാകുകയാണ്. അതാരാണെന്നറിയാനുള്ള കൗതുകവും എല്ലാവര്‍ക്കുമുണ്ട്. ഇപ്പോള്‍ ആരാധകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകനായ ആദില്‍ താജാണ് ദേശീയ ഗാനം ആലപിച്ചത്.

ഇന്ത്യന്‍ ദേശീയഗാനം തെറ്റാതെ ആലപിച്ച പാക്ക് ആരാധകനോട് സ്‌നേഹം അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. താന്‍ രണ്ട് ദേശീയ ഗാനവും പഠിച്ചിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാന്റെ അയല്‍ രാജ്യമാണ്, അതുകൊണ്ടാണ് താന്‍ എഴുന്നേറ്റു നിന്നതെന്നും, ദേശീയഗാനം ആലപിച്ചതെന്നും ആദില്‍ താജ് വ്യക്തമാക്കി.

ഇന്ത്യന്‍ ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റ പാക്കിസ്ഥാനികളേയും പാക്കിസ്ഥാന്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ ഇന്ത്യക്കാരനെയും താന്‍ കണ്ടെന്ന് ആദില്‍ ആവേശപൂര്‍വം പറഞ്ഞു. അടുത്ത മത്സരം കാണാനെത്തുമ്പോള്‍ രണ്ടു രാജ്യങ്ങളുടേയും പതാക തന്റെ കയ്യിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഭി ഖുശി കഭി ഗം എന്ന ബോളിവുഡ് ചിത്രത്തില്‍ നിന്നാണ് താന്‍ ഇന്ത്യന്‍ ദേശീയഗാനം പഠിച്ചതെന്നും ആദില്‍ പറഞ്ഞു.

Top