യമനിലെ 50 ലക്ഷം കുട്ടികള്‍ പട്ടിണിയില്‍ നരകിക്കുന്നുവെന്ന്…

യമന്‍: ഇറാനും സൗദിയും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ പട്ടിണിയില്‍ നരകിക്കുന്നത് യമനിലെ 50 ലക്ഷം കുട്ടികള്‍. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സേവ് ദ ചില്‍ഡ്രന്‍ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊദെയ്ദ തുറമുഖത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന ആക്രമണം പുനരാരംഭിച്ചത് ആയിരക്കണക്കിനു കുട്ടികളുടെ പട്ടിണി മരണത്തില്‍ കലാശിക്കുമെന്നും സംഘടന മുന്നറിയിപ്പു നല്‍കി.

ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന ഹൊദെയ്ദ തുറമുഖത്തു കൂടിയാണ് യമനിലേക്ക് ഭക്ഷണവും ഇന്ധനവും അടക്കമുള്ള സഹായം എത്തുന്നത്. 2014 മുതല്‍ തുറമുഖം ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ച പൊളിഞ്ഞതിനെ തുടര്‍ന്ന്, ഹൊദെയ്ദ പിടിക്കാന്‍ ഈ മാസം ആദ്യം മുതല്‍ സൗദി ആക്രമണം ആരംഭിച്ചിരിക്കുകയാണ്.

പട്ടിണി കിടന്ന് എല്ലും തോലുമായി കരയാന്‍ പോലും ശക്തിയില്ലാത്ത കുട്ടികളെ യമനിലെ ആശുപത്രിയില്‍ താന്‍ കണ്ടെന്ന് സംഘടനയുടെ സിഇഒ ഹെല്ലെ ഷ്മിഡ്റ്റ് പറഞ്ഞു. യമനിലെ യുദ്ധത്തില്‍ 10,000 പേര്‍ കൊല്ലപ്പെടുകയും, 30 ലക്ഷം പേര്‍ പലായനം ചെയ്യുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.

Top