ഓഹരി വിപണിയിൽ പണം നഷ്ടമായി, കടം കയറി; 32 കാരൻ ജീവനൊടുക്കി

പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളത്താണ് സംഭവം. തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനുള്ളിൽ ടെസനെ തൂങ്ങി നിൽക്കുന്ന നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓഹരി വിപണിയിലും ഓൺലൈൻ ഗെയിമുകളിലുമാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിലാണ് ഓഹരി വിപണിയിൽ ഇടപെടൽ തുടങ്ങിയത്. പിന്നീട് വൻതോതിൽ തുക നിക്ഷേപിച്ചു. എന്നാൽ വലിയ നഷ്ടം നേരിട്ടു. ഇതോടെ ഓൺലൈനായും പരിചയക്കാരിൽ നിന്നും പണം കടം വാങ്ങി. കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈയടുത്താണ് ടെസൻ വിവാഹം കഴിച്ചത്.

അതേസമയം എറണാകുളത്ത് രണ്ട് സ്ത്രീകളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ഞെട്ടലുണ്ടാക്കി. വടക്കേക്കര തുരുത്തിപ്പുറം കുണ്ടോട്ടിൽ വീട്ടിൽ അംബികയും ഭർതൃമാതാവായ സരോജിനിയുമാണ് മരിച്ചത്. ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. അംബിക തൂങ്ങിമരിച്ച നിലയിലും സരോജിനി കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Top