രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ 327 റണ്‍സ് വിജലക്ഷ്യം; കേരളം പ്രതിരോധത്തില്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ 327 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന കേരളത്തിന് അവസാന ദിനം തുടക്കത്തിലെ പ്രഹരമേറ്റു. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലാണ്. മൂന്ന് റണ്‍സെടുത്ത് സച്ചിന്‍ ബേബിയും എട്ടു റണ്‍സുമായി രോഹന്‍ പ്രേമും ക്രീസില്‍.

മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടര്‍ന്ന മുംബൈയുടെ മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റം പൊരുതി നിന്നതോടെയാണ് മികച്ച സ്‌കോറിലെത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 319 റണ്‍സിന് ഓള്‍ ഔട്ടായ മുംബൈ കേരളത്തിന് മുന്നില്‍ 327 റണ്‍സിന്റെ വിജലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 119 റണ്‍സെന്ന നിലയിലാണ് മുംബൈ ക്രീസിലിറങ്ങിയത്. 226-5 എന്ന സ്‌കോറില്‍ തകര്‍ന്നശേഷം അവസാന സെഷനില്‍ പൊരുതി നിന്ന മുംബൈ വാലറ്റം കേരളത്തിന്റെ വിജയലക്ഷ്യം ഉയര്‍ത്തി.അവസാന ദിവസം ആദ്യ ഓവറില്‍ തന്നെ കേരളത്തിന് വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ജലജ് സക്‌സേനയെ ആദ്യ ഓവറിലെ അവസാന പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. വണ്‍ഡൗണായി എത്തിയ കൃഷ്ണ പ്രസാദിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നാലു റണ്‍സെടുത്ത കൃഷ്ണ പ്രസാദിനെ ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്തില്‍ റോയ്സ്റ്റണ്‍ എച്ച് ഡയസ് പിടിച്ചു. 26 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഷംസ് മുലാനിയുടെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് ക്യാച്ച് നല്‍കി മടങ്ങി. ക്രീസിലുള്ള രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിലും വിഷ്ണു വിനോദിലുമാണ് കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍.

ഓപ്പണര്‍മാരായ രോഹന്‍ കുന്നമ്മല്‍(26), ജലജ് സക്‌സേന(16), കൃഷ്ണപ്രസാദ്(4) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തിന് നഷ്ടമായത്. മുംബൈക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി രണ്ടും ഷംസ് മുലാനി ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ ലക്ഷ്യത്തിലെത്താന്‍ കേരളത്തിന് ഇനിയും 270 റണ്‍സ് കൂടി വേണം.

Top