ഇടുക്കിയില്‍ വ്യാജ വിദേശമദ്യ നിര്‍മ്മാണം; രണ്ട് പേര്‍ പിടിയില്‍

ഇടുക്കി: എഴുകും വയലില്‍ വന്‍ സ്പിരിറ്റു വേട്ട. 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വിദേശമദ്യം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തില്‍ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള പൊടികള്‍, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പല ബ്രാന്റുകളുടെ പേരുള്ള കുപ്പികളാണ് കണ്ടെടുത്തത്. സ്പിരിറ്റ് നേര്‍പ്പിച്ച് കളര്‍ ചേര്‍ത്ത ശേഷം കുപ്പികളില്‍ നിറച്ച് മൊത്തമായും ചില്ലറയായും ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത്.

Top