ലാലിനെ ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയില്‍

Pinaray vijayan

തിരുവനന്തപുരം : മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരന്മാരെയും സദസിനെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംഗീകാരം നേടിയ 43 പേര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിമര്‍ശകരുടെ വായടപ്പിച്ച് പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലും എത്തിയിരുന്നു. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും, മുഖ്യാതിഥിയായിട്ടല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നതെന്നും, രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളര്‍ന്ന എന്റെ നഗരം, ഞാന്‍ പഠിച്ചത്, വളര്‍ന്നത്, എന്റെ അച്ഛന്‍ ജോലി ചെയ്തത്, എന്റെ അമ്മ ക്ഷേത്രത്തില്‍ പോയിരുന്നത് എല്ലാം ഈ വീഥികളിലൂടെയാണെന്നും, ഈ തിരുവനന്തപുരത്തു നിന്നാണ് എന്റെ 40 വര്‍ഷം നീണ്ട യാത്രയുടെ തുടക്കവുമെന്നും മോഹന്‍ലാല്‍ സ്മരിച്ചു.

മാത്രമല്ല, മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സിനോളം എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമര്‍ശനമാണ് തോന്നിയിട്ടുള്ളതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ടു ഞാനെങ്ങും പോയിട്ടില്ല. നാല്‍പതു വര്‍ഷമായി ഇവിടെ തന്നെയുണ്ട്. സിനിമയില്‍ എനിക്ക് കുറിച്ചുവച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാന്‍ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാല്‍ എനിക്ക് ഒരു ഇരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top