അശോക് ഗെഹ്ലോട്ടിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍

രാജസ്ഥാന്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎല്‍എമാര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ഇതോടെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബിജെപിയും തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണെന്ന് സൂചന.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോണ്‍ഗ്രസ് എംഎല്‍എമാരും ഏതാനും സ്വതന്ത്ര എംഎല്‍എമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.

ഇന്ന് നടക്കുന്ന എംഎല്‍എമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎല്‍എമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്. ഇതോടെ സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എമാരുടെ കൂറ് മാറ്റ ഭീഷണിക്ക് ചുക്കാന്‍ പിടിച്ചത് പൈലറ്റ് ആണെന്നാണ് ഗെഹ്ലോട് പക്ഷം ആരോപിക്കുന്നത്.

Top