ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ചു; അനുമതി റിഷി സുനകും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം

ലണ്ടന്‍: പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും റിഷി സുനക്കും ചര്‍ച്ച നടത്തിയതിന് പിന്നാലെ 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. ജി20 ഉച്ചകോടിയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

18 മുതല്‍ 30 വരെ വയസുളള ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെ യില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുളള അനുമതി നല്‍കി എന്ന് യുകെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി റിഷി സുനക് കഴിഞ്ഞ മാസം അധികാരമേറ്റതിന് ശേഷം മോദിയുമായി നടത്തിയ ആദ്യ കൂടികാഴ്ച്ചയാണ് ജി20 ഉച്ചകോടിയുടെ പതിനേഴാം പതിപ്പിനോടനുബന്ധിച്ച് നടന്നത്.

‘ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തില്‍ ഏറെ പ്രധാനപ്പെട്ട നിമിഷമാണ് ഈ പദ്ധതിയുടെ സമാരംഭം. ഇരു സമ്പദ് വ്യവസ്ഥകളുടേയും കരുത്തുകൂട്ടാന്‍ ഉതകുന്ന വിധത്തില്‍ ഇന്തൊപസഫിക് മേഖലയില്‍ മേഖലയില്‍ വിശാലവും സുദൃഢവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്,’ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസ്താവിച്ചു.

‘ഇന്തൊപസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളേക്കാളും ബന്ധം യുകെയ്ക്ക് ഇന്ത്യയുമായുണ്ട്. യുകെയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് ഇന്ത്യയില്‍ നിന്നുളളവരാണ്. യുകെയിലുളള ഇന്ത്യന്‍ നിക്ഷേപം 95,000 തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു,’ യുകെ ഭരണകൂടം പ്രതികരിച്ചു.

 

Top