3000 ബിഎച്ച്പി കരുത്ത്; കെയോസ് വിപണിയില്‍, വില 106.75 കോടി

ലോകത്തിലെന്നല്ല ഈ ഭൂമിയിലെ തന്നെ ആദ്യ അള്‍ട്രാകാര്‍ എന്ന പെരുമയോടെ ഗ്രീക് സ്റ്റാര്‍ട് അപ്പായ എസ് പി ഓട്ടമോട്ടീവിന്റെ കെയോസ് പുറത്തിറങ്ങി. അലങ്കോലം എന്നര്‍ഥം വരുന്ന പേരോടെ എത്തുന്ന കാറിനു കരുത്തേകുന്നത് 3,000 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാന്‍ പോന്ന എന്‍ജിനാണ്.

കരുത്തിലെ പെരുമ കാറിന്റെ വിലയിലും പ്രകടമാണ്. 2,000 ബി എച്ച് പി(അഥവാ 1,491 കിലോവാട്ട്) കരുത്ത് സൃഷ്ടിക്കുന്ന എന്‍ജിനുമായെത്തുന്ന അടിസ്ഥാന വകഭേദമായ എര്‍ത്ത് വേര്‍ഷന് 64 ലക്ഷം ഡോളറും (47.44 കോടിയോളം രൂപ) 3000 എച്ച് പി എന്‍ജിനോടെയെത്തുന്ന മുന്തിയ പതിപ്പായ സീറോ ഗ്രാവിറ്റി എഡീഷന് 1.44 കോടി ഡോളറും(ഏകദേശം 106.75 കോടി രൂപ) ആണു വില.

ഏറെ നാളായി വാഹന പ്രേമികളെ കൊതിപ്പിച്ചു തിരനോട്ടം മാത്രം നടത്തിയിരുന്ന കാറാണ് എസ് പി ഓട്ടമോട്ടീവ് ഇപ്പോള്‍ പൂര്‍ണമായും അനാവരണം ചെയ്തിരിക്കുന്നത്. ‘കെയോസി’നു കരുത്തേകുക നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി 10 എന്‍ജിനാണ്; കാറിനു മധ്യത്തിലായി ഘടിപ്പിക്കുന്ന എന്‍ജിന്‍ രണ്ടു ട്യൂണിങ് സ്ഥിതികളില്‍ ലഭ്യമാവും: പരമാവധി 2,000 ബി എച്ച് പി കരുത്തും 3,000 ബി എച്ച് പി കരുത്തും. എട്ടു സ്പീഡ് ഡ്യുവല്‍ ക്ലച് ഗീയര്‍ബോക്‌സാവും ട്രാന്‍സ്മിഷന്‍. കാറിന്റെ ഇരു വകേദങ്ങളിലും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭ്യമാവും.

നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ‘കെയോസ് എര്‍ത്ത് എഡീഷ’ന് 1.9 സെക്കന്‍ഡ് മതിയെന്നാണു നിര്‍മാതാക്കളുടെ കണക്ക്. മണിക്കൂറില്‍ 499 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗം.

അതേസമയം, ‘സീറോ ഗ്രാവിറ്റി’ പതിപ്പ് വെറും 1.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കും. ഈ മോഡലിന്റെയും പരമാവധി വേഗം മണിക്കൂറില്‍ 499 കിലോമീറ്റര്‍ തന്നെ. ഹൈബ്രിഡ് അസിസ്റ്റ് സംവിധാനത്തിന്റെ പിന്തുണയിലാണ് ‘സീറോ ഗ്രാവിറ്റി’ പതിപ്പിലെ എന്‍ജിന് 1,000 എച്ച് പി അധിക കരുത്ത് സൃഷ്ടിക്കുന്നത്.

കരുത്തുറ്റ എന്‍ജിന്റെ മികവില്‍ കാറുകളുടെ വേഗത്തിനുള്ള എല്ലാ റെക്കോഡും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു ‘കെയോസി’ന്റെ വരവ്. ഇതോടെ നര്‍ബര്‍ഗ്‌റിങ് സര്‍ക്യൂട്ടില്‍ ‘പോര്‍ഷെ 911 ജി ടി ടു ആര്‍ എസ്’ സ്ഥാപിച്ച 6:43:30 മിനിറ്റിന്റെ റെക്കോഡും എസ് എസ് സി ടുടാരയുടെ പേരിലുള്ള വേഗ റെക്കോഡും(മണിക്കൂറില്‍ 286.1 മൈല്‍ അഥവാ 460.43 കിലോമീറ്റര്‍) 8.58 സെക്കന്‍ഡില്‍ ക്വാര്‍ട്ടര്‍ മൈല്‍ പിന്നിട്ടു റിമാക് ‘നെവെര’ സ്ഥാപിച്ച റെക്കോഡുമൊക്കെ ഭീഷണിയിലാണ്.

‘കെയോസി’ന്റെ 15 മുതല്‍ 20 യൂണിറ്റ് മാത്രം നിര്‍മിച്ചു വില്‍ക്കാനാണ് എസ് പി ഓട്ടമോട്ടീവ് ലക്ഷ്യമിടുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷത്തോടെ കാര്‍ നിര്‍മിച്ചു നല്‍കാനാണു കമ്പനി തയാറെടുക്കുന്നത്. ആവശ്യക്കാരേറുന്ന പക്ഷം പരമാവധി 100 ‘കെയോസ്’ വരെ നിര്‍മിക്കാനും എസ് പി ഓട്ടമോട്ടീവ് സന്നദ്ധമാവും.

 

Top