പാര്‍ലമെന്റ് ആക്രമണം ലോക്‌സഭയില്‍ ഉയര്‍ത്തിയ 78 പ്രതിപക്ഷ എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ലോക്‌സഭയില്‍ ഉയര്‍ത്തിയ 78 പ്രതിപക്ഷ എം പിമാര്‍ക്കെതിരെ നടപടി. ലോക്‌സഭയില്‍ ബഹളം ശക്തമായതിന് പിന്നാലെയാണ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്. കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

കേരളത്തില്‍ നിന്നുള്ള ആറ് എം പിമാര്‍ക്കും ഇന്ന് സസ്പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്.കെ മുരളീധരന്‍, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഇന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച കേരളത്തില്‍ നിന്നുള്ള എം പിമാര്‍. സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എം പിമാരുടെ നടപടി അവകാശ സമിതിക്ക് വിട്ടതായും അറിയിപ്പുണ്ട്.

അതേസമയം എം പിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം എം പിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സര്‍ക്കാര്‍ നടപടിയാണ് എം പിമാര്‍ക്കെതിരായ സംസ്‌പെന്‍ഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ലമന്റിനോട് ഉത്തരവാദിത്വമില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ ഏകാധിപത്യ നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇത്തരം നടപടികളോട് ഭയമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാര്‍ക്കെതിരായ കൂട്ട സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്‌പെന്‍ഷന്‍ നടത്തി ബി ജെ പിയും അമിത് ഷായും പാര്‍ലമെന്റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പിക്കുളെ നിശബ്ദമാക്കുന്ന മാസ്റ്റര്‍ സ്‌ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്താമെന്നും ടി എം സി പ്രതികരിച്ചു.

Top