‘കേന്ദ്ര സർവീസിൽ ഒഴിവ് 30 ലക്ഷം, നിയമനം നടന്നത് വെറും 71000’; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ

ദില്ലി: കേന്ദ്ര സർവീസുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. എട്ട് വർഷത്തിനുള്ളിൽ വാ​ഗ്ദാനം ചെയ്ത 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്ത 71,000 നിയമന കത്തുകൾ തുച്ഛമാണെന്നും കോൺഗ്രസ് പറഞ്ഞു. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെക്കുറിച്ച് ഖാർ​ഗെ ഓർമിപ്പിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകളിലെ 30 ലക്ഷം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ വകുപ്പുകളിൽ 30 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നിങ്ങൾ ഇന്ന് വിതരണം ചെയ്യുന്ന 71,000 നിയമനകത്തുകൾ വളരെ കുറവാണ്. ഒഴിവുള്ള തസ്തികകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കണം. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്ന് നിങ്ങൾ യുവാക്കളോട് പറയൂവെന്നും ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഇത്തരം മേളകൾ സർക്കാറിന്റെ അഭ്യാസം മാത്രമാണെന്നും ഖാർ​ഗെ വിമർശിച്ചു. ‘റോസ്ഗർ മേള’ ഡ്രൈവിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിലെ റിക്രൂട്ട്‌മെന്റുകൾക്കായി 71,426 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി മോദി വിതരണം ചെയ്തിരുന്നു.

Top