മ്യാന്മര്‍ സൈന്യത്തിന്റെ കണ്ണില്ലാത്ത ക്രൂരത; പിഞ്ചു കുഞ്ഞുങ്ങളെയടക്കം 30 പേരെ കൊന്ന് തീയിട്ടു

നയ്പിഡോ: മ്യാന്മറില്‍ സൈന്യത്തിന്റെ കണ്ണില്ലാത്ത ക്രൂരത. വംശീയ ആക്രമണങ്ങള്‍ രൂക്ഷമായ കായ പ്രവിശ്യയില്‍ സൈന്യം മുപ്പതോളം പേരെ വെടിവെച്ച് കൊന്ന് മൃതദേഹം കത്തിച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നവരുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടതായി കരേന്നി മനുഷ്യാവകാശ സംഘടന പറഞ്ഞു. ശനിയാഴ്ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിലാണ് സൈനിക ഭരണാധികാരികള്‍ കൊല നടത്തിയത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം, മ്യാന്മര്‍ സൈന്യം ആയുധങ്ങളുമായെത്തിയ പ്രതിപക്ഷ സായുധ സേനയിലെ നിരവധി പേരെ വെടിവെച്ചു കൊന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു വാഹനങ്ങളിലായെത്തിയ സംഘം സൈന്യം കൈ നീട്ടിയിട്ടും നിര്‍ത്തിയില്ലെന്നും പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങളുടെയും ട്രക്കുകളുടെയും ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും പ്രചരിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ അംഗങ്ങളില്ലെന്ന് പ്രക്ഷോഭം നടത്തുന്ന സംഘങ്ങളില്‍ പ്രധാനികളായ കരേന്നി നാഷനാലിറ്റീസ് ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.

എന്നാല്‍, സംഘര്‍ഷ മേഖലയില്‍ നിന്ന് പ്രദേശവാസികളായ നിരവധി പേര്‍ അഭയം തേടിയിരുന്നതായി അവര്‍ പറയുന്നു. ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിയിലൂടെ ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പുറത്താക്കി സൈന്യം ഭരണം പിടിച്ചതില്‍ മ്യാന്മറില്‍ പ്രക്ഷോഭം ശക്തമാണ്. പ്രക്ഷോഭകരെ സൈന്യം അടിച്ചമര്‍ത്തുകയാണ്. നിരവധി പേരാണ് വെടിയേറ്റ് മരിച്ചത്.

Top