ഉണക്കിയ കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മഹാരാഷ്ട്ര സ്റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ബാഗില്‍ സംശയാസ്പദമായി ഒരു പൊതിക്കെട്ട് കണ്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്. ആദ്യം യുവാവ് താനൊരു മധ്യവര്‍ത്തി മാത്രമാണെന്ന് പറഞ്ഞെങ്കിലും ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ വിട്ടു.

30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് കടല്‍ക്കുതിരകളെ ഉപയോഗിക്കുന്നത്.

Top