അഹമ്മദാബാദ്: 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തീരസംരക്ഷണ സേന പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.
ഗുജറാത്തിലെ പോർബന്ധറിൽനിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ടവരെയാണ് പുറംകടലിൽനിന്നു പാക് സേന കസ്റ്റഡിയിലെടുത്തതെന്ന് നാഷണൽ ഫിഷർവർക്കേഴ്സ് ഫോറം അറിയിച്ചു.
പിടിയിലായ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലേക്കു കൊണ്ടുപോയി. ഇവരുടെ ബോട്ടുകളും പാക് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തിട്ടുണ്ട്. ഈമാസം ഇത്തരം സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞമാസം 71 മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പാക് തീരസംരക്ഷണ സേന പിടികൂടിയിരുന്നു.
കൂടാതെ, മാർച്ചിൽ 231 മത്സ്യത്തൊഴിലാളികളെയും ഇവരുടെ 40 ബോട്ടുകളെയും പാക് കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുത്തിരുന്നു.