ചൈനീസ് കപ്പലിൽ വിഴിഞ്ഞത്ത് എത്തിച്ച ഉപകരണങ്ങൾക്ക് 30.26 കോടി കസ്റ്റംസ് ഡ്യൂട്ടി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് ഉപയോഗിക്കുന്നതിനായി ചൈനീസ് കപ്പലായ ഷെൻഹുവ 15ൽ എത്തിച്ച ക്രെയിനുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ഐജിഎസ്ടി ഇനത്തിൽ കസ്റ്റംസിലേക്ക് അടച്ചത് 30.26 കോടി രൂപ. കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 5.35 കോടിരൂപ അടയ്ക്കേണ്ടിയിരുന്നെങ്കിലും എക്സ്പോർട്ട് പ്രമോഷൻ ക്യാപിറ്റൽ ഗുഡ്സ് (ഇപിസിജി) പദ്ധതി അനുസരിച്ചാണ് ഇറക്കുമതിയെന്നതിനാൽ ഡ്യൂട്ടിയിൽനിന്ന് ഒഴിവായി. ഉദ്ഘാടനത്തിനുശേഷം ക്രെയിനുകൾ കപ്പിലിൽനിന്ന് ബർത്തിലേക്ക് മാറ്റും. ഇതിനായി ഡൽഹിയിൽ നിന്ന് വിദഗ്ധരെത്തും.

രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ് ടു ഷോർ ക്രെയിനാണ് വിഴിഞ്ഞത്തേത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് 72 മീറ്റർ അകലെയുള്ള കണ്ടെയ്‌നറുകൾ എടുക്കാനാകും. കപ്പലിലേക്ക് കണ്ടെയ്‌നർ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഈ ക്രെയിൻ ഉപയോഗിച്ചാണ്. 8 ഷിപ്പ് ടു ഷോർ ക്രെയിനുകളാണ് വിഴിഞ്ഞത് ആകെ വേണ്ടത്. 1620 ടൺ ആണ് ഒരു ക്രെയിനിന്റെ ഭാരം. 42 മീറ്റർ വീതിയുണ്ട്. രണ്ട് റെയിൽ മൗണ്ടഡ് ഗ്രാന്റി ക്രെയിനുകളും (ആർഎംജി) ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. യാഡിൽനിന്ന് കണ്ടെയ്‌നർ ട്രെയിലറിലേക്കും ട്രെയിലറിൽനിന്ന് യാഡിലേക്കും ചരക്കുകൾ മാറ്റുന്ന ക്രെയിനാണിത്. ആർഎംജി ക്രെയിനിന് 31.46മീറ്ററാണ് ഉയരം. വീതി 42 മീറ്ററും ഭാരം 365 ടണ്ണും. 24 ആർഎംജി ക്രെയിനുകൾ വിഴിഞ്ഞത്ത് വേണ്ടിവരും.

Top