സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ്; ബില്‍ പാസാക്കി

ദില്ലി: ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023 രാജ്യസഭ പാസാക്കി. മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചര്‍ച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ കെ.എം. ശങ്കരപ്പ കേസില്‍ സുപ്രീംകോടതി പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു.

സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. സിനിമാശാലകളില്‍ ഫോണിലൂടെ സിനിമ പകര്‍ത്തുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമാവും. പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷം എന്നതിനു പകരം എന്നത്തേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസന്‍സിങ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയില്‍ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. പകര്‍പ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വര്‍ഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി.) സ്വയംഭരണ സ്ഥാപനമായി തുടരും. സെന്‍സര്‍ബോര്‍ഡ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വീണ്ടും ബോര്‍ഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങള്‍ സിനിമകാണുമെന്നും മന്ത്രി വ്യക്തമാക്കി. ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗേമിങ് ആന്‍ഡ് കോമിക്സ് തുടങ്ങിയ മേഖലകളില്‍ പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങും.

ബലാത്സംഗത്തിനുപകരം പ്രതീകദൃശ്യങ്ങള്‍ കാണിക്കണമെന്നും തെറിവാക്കുകള്‍ ഉപയോഗിക്കരുതെന്നും പറയുന്നത് അത് അനിവാര്യമായ സിനിമകള്‍ക്ക് ദോഷംചെയ്യുമെന്ന് ബി.ജെ.ഡി. അംഗം പ്രശാന്ത നന്ദ ചൂണ്ടിക്കാട്ടി. ഒ.ടി.ടി.യിലൂടെ എല്ലാതരം ഉള്ളടക്കങ്ങളും വീടുകളിലെത്തുന്ന കാലത്ത് യുഎ സര്‍ട്ടിഫിക്കറ്റുകളുടെ വിഭജനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. അംഗം തമ്പി ദുരൈയും സര്‍ട്ടിഫിക്കേഷനിലെ കാറ്റഗറികളെ എതിര്‍ത്തു.

Top