3 women in one family killed for ‘honour’ in Pakistan

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഒരേ കുടുംബത്തിലെ മൂന്നു യുവതികളെ ഭര്‍ത്താക്കന്മാരും ബന്ധുവും വെടിവച്ചുകൊന്നു.

യുവതികള്‍ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അഭിമാനകൊല നടത്തിയത്. പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശികളായ സഹാറ, ഫര്‍സാന, ഫര്‍സാനയുടെ രണ്ടാനമ്മ നസ്രീന്‍ എന്നിവരാണ് ഇവരുടെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്.

വെടിയൊച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ മൂന്നു പേര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുന്നതായി കണ്ടെന്ന് പൊലീസ് പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ഫര്‍സാനയുടെ ഭര്‍ത്താവ് വാഹിദും, സഹാറയുടെ ഭര്‍ത്താവ് സാഖിബും അയാളുടെ സഹോദരനും മൂന്നു സ്ത്രീകളുമായി വഴക്കുണ്ടാക്കിയിരുന്നു.

വെടിയൊച്ച കേള്‍ക്കുന്നതിനു മുമ്പ് ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ടതായി അയല്‍വാസികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് എതിരെ സഹാറയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ഏകദേശം 1100 സ്ത്രികളെ പാകിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം ബന്ധുക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിന് മാനക്കേടുണ്ടാക്കി എന്ന് ആരോപിച്ചാണ് കൊലകള്‍ എന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ആയിരത്തോളം സ്ത്രീകള്‍ ലൈംഗിക അതിക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. എണ്ണൂറോളം പേര്‍ ഇതുമൂലം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014ല്‍ ആയിരം സ്ത്രീകളാണ് അഭിമാനകൊലയ്ക്ക് ഇരയായത്. 2013ല്‍ ഇത് 869ആയിരുന്നു എന്നും കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Top