ആഡ് ബ്ലോക്കറാണെങ്കില്‍ 3 വീഡിയോ അല്ലെങ്കില്‍ ആവോളം; ഉപഭോക്താക്കള്‍ക്കെതിരെ യൂട്യൂബ്

രുമാനത്തിന് തടസം നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് വീഡിയോ സ്ട്രീമിങ് സേവനനമായ യൂട്യൂബ്. യൂട്യൂബ് വെബ്സൈറ്റില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെയാണ് യൂട്യൂബ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കമ്പനി അടുത്തിടെ അവതരിപ്പിച്ച പോളിസിയില്‍ ആഡ് ബ്ലോക്കറുകളുടെ ഉപയോഗത്തിനെതിരെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതനുസരിച്ച് ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ് ബ്ലോക്കര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കും. ഇത്തരത്തില്‍ വിവിധ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആഡ് ബ്ലോക്കറുകള്‍ നിര്‍ത്താന്‍ ഉപഭോക്താവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് നിയന്ത്രണങ്ങള്‍ ആരംഭിക്കും. അതായത് ഉപഭോക്താവിന് മൂന്ന് വീഡിയോകള്‍ മാത്രമേ പരമാവധി കാണാനാവൂ. അതിന് ശേഷം വീഡിയോകള്‍ കാണുന്നത് യൂട്യൂബ് തടയും. എന്നാല്‍ ഇത് സ്ഥിരമായ വിലക്കല്ല ഉപഭോക്താവ് ആഡ് ബ്ലോക്കര്‍ ഒഴിവാക്കിയാല്‍ ഉടനെ യൂട്യൂബ് വീഡിയോകള്‍ വീണ്ടും ആസ്വദിക്കാനാവും.

പരസ്യം കാണുന്നത് പ്രയാസമുള്ളവരാണെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കുക തന്നെ വേണമെന്നാണ് യൂട്യൂബിന്റെ നിബന്ധന. അല്ലാത്തപക്ഷം പരസ്യങ്ങള്‍ കാണാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരാണ്. യൂട്യൂബിന്റെ പ്രതിമാസ പ്രീമിയം നിരക്ക് 129 രൂപയിലാണ് ആരംഭിക്കുന്നത്. ഫാമിലി സബ്സ്‌ക്രിപ്ഷനാകട്ടെ 179 രൂപയാണ്. ഇതില്‍ അഞ്ച് പേര്‍ക്ക് അംഗങ്ങളാവാന്‍ സാധിക്കും. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കിവരുന്ന യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്കുള്ള പ്രതിഫലം നല്‍കുന്നത് പരസ്യ വരുമാനത്തില്‍ നിന്നും സബ്സ്‌ക്രിപ്ഷനുകളില്‍ നിന്നുമാണ്. ക്രിയേറ്റര്‍മാര്‍ നിര്‍മിക്കുന്ന ഉള്ളടക്കങ്ങളിലൂടെ കമ്പനിയ്ക്കും വരുമാനം ലഭിക്കുന്നു. ഈ സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്ന ഉപഭോക്താക്കളെയാണ് കമ്പനി തടയുന്നത്.

Top